Monday, September 04, 2006

മാവേലീ കരുതിവന്നാല്‍ മതി..

പ്രിയ മാവേലീ,
പാതാളത്തില്‍ നെറ്റ്കണക്‍ഷനുണ്ടെന്നും താങ്കളീ എളിയ ബ്ലോഗ് വായിക്കുമെന്നും കരുതട്ടെ. താങ്കള്‍ ഭരിച്ചിരുന്നപ്പോള്‍ ദേവന്മാര്‍ അധികാരികളായിരുന്നു, മഹാസൂത്രശാലികളും, അസൂയാലുക്കളുമായിരുന്നു, അധികാരത്തെ ചോദ്യം ചെയ്യുന്നവരെ ബലഹീനതകള്‍ മുതലെടുത്ത് തിരിച്ചടിക്കുന്നവരായിരുന്നു, ഒരു രക്ഷയുമില്ലങ്കില്‍ നക്കികൊല്ലുന്നവരായിരുന്നു. താങ്കള്‍ വരുമ്പോള്‍ ഞങ്ങള്‍ പൂക്കളവുമിട്ട്, പുത്തനുടുപ്പും ധരിച്ച്, സദ്യയുണ്ണുന്നതു കാണുമ്പോള്‍ ഇവിടെയെല്ലാം ഭദ്രമാണെന്നു കരുതി താങ്കള്‍ മടങ്ങി പോകുമെന്നാണ് എല്ലാരും പറയുന്നത്. താങ്കളൊരു മണ്ടനാണെന്ന് ഞാന്‍ കരുതുന്നില്ലാത്തതു കൊണ്ടാണിതെഴുതുന്നത്. ഇന്നും സ്ഥിതി മെച്ചമല്ല. ഇന്നധികാരികള്‍ ദേവന്മാര്‍ക്കു സമമാണ്. അധികാരികളെ ചോദ്യം ചെയ്യുന്നവരെ അവര്‍ക്കു പണ്ടേ ഇഷ്ടമല്ല. എന്തിനേറെ പറയുന്നു, തന്ത്രിക്കു പറ്റിയ അമളി താങ്കളറിഞ്ഞുകാണുമല്ലോ? മാനുഷരെല്ലാരുമൊന്നുപോലല്ലന്നു മാത്രമല്ല, ഞങ്ങളുടെ ഒന്ന് ഇമ്മിണി ബല്യ ഒന്നാണ് എന്നു കരുതുന്നവരുമാണ്. ഞങ്ങളിപ്പോള്‍ ഭൂരിപക്ഷവും ന്യൂനപക്ഷവുമാണ്, കുറഞ്ഞത് സ്വാശ്രയകോളേജിലെങ്കിലും. ആരുടെ കൂടെക്കൂടിയാലും ശരിയാവത്തില്ല, ന്യൂനപക്ഷത്തിന്റെ കൂടെ കൂടിയാല്‍ എസ്.എഫ്.ഐ യുടെ ഏറുകൊള്ളണം, ഭൂരിപക്ഷത്തിന്റെ വാദം ന്യായീകരിച്ചാല്‍ അന്ത്യകുര്‍ബാന കൊള്ളാന്‍ പറ്റത്തില്ല. അല്ലങ്കില്‍ മൂന്നാം കക്ഷിയില്‍ ചേരണം, അപ്പോള്‍ പിന്നെ ലോകതീവ്രവാദി ആകേണ്ടി വരും. ഈ അവസരത്തില്‍ താങ്കള്‍ ബുദ്ധിപരമായ മൌനം പാലിക്കുമെന്നു കരുതട്ടെ. ഇപ്രാവശ്യം ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകള്‍ സന്ദര്‍ശിക്കണ്ട എന്നാണെന്റെ അഭിപ്രായം. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണത്രെ, നനഞ്ഞ കോഴിയെപോലെ താങ്കള്‍ പാതാളത്തിലേക്കു തിരിച്ചു ചെല്ലുന്നത് ഓര്‍ക്കാന്‍ വയ്യ. കൂടാതെ നമ്മുടെ അയല്‍‌സംസ്ഥാനവാസികളെ കണ്ടാല്‍ ചീത്തവിളിക്കുന്ന അവസ്ഥയായിട്ടുണ്ട്. താങ്കള്‍ ഇപ്പോളൊരു പരദേശിയാണെന്നോര്‍ക്കുമല്ലോ. പോലീസിനെ കണ്ടാല്‍ തലകുനിച്ചു നടന്നുപോവുക, താങ്കളെ കണ്ടുപരിചയമില്ലാത്ത ആരെങ്കിലും താങ്കള്‍ സുകുമാരക്കുറുപ്പാണെന്നോ മറ്റോ അവകാശപ്പെട്ടാല്‍ എത്തിച്ചേരുന്നത് പൊതുശ്മശാനത്തിലായിരിക്കുമെന്നാണ് സമീപകാല അനുഭവം. താങ്കളുടെ കൂടെ സ്ത്രീകളെയാരേയും ഒരിക്കലും കൊണ്ടുവരാത്തതുകൊണ്ട് ഞങ്ങളുടെ ഇപ്പോഴത്തെ കൈയിലിരുപ്പ് അറിയത്തില്ലല്ലോ, അതുകൊണ്ട് തന്നെ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ താങ്കളുടെ കൈകള്‍ അറിയാതെയോ അറിഞ്ഞോ ആരെയും സ്പര്‍ശിക്കരുത് മുന്‍‌രാജാവ് സ്ഥാനം പോലും ചിലപ്പോള്‍ രാജിവെക്കേണ്ടി വന്നേക്കാം. പൊതുവഴിയിലൂടെ നടക്കുമ്പോള്‍ ടിപ്പറോ, സ്വകാര്യബസ്സോ ഇടിക്കാതെ ശ്രദ്ധിക്കുമല്ലോ. എല്ലാം ഭദ്രമാണെന്നു സ്വയം വിശ്വസിപ്പിച്ച് മടങ്ങണെമെന്നാണ് എന്റെ അപേക്ഷ. താങ്കള്‍ പറഞ്ഞിട്ടു വരികയാണെങ്കില്‍ താങ്കള്‍ക്കുള്ള ഊണെങ്കിലും വീട്ടിലുണ്ടാക്കാന്‍ ശ്രമിക്കാം.
സ്നേഹത്തോടെയും ബഹുമാനത്തോടെയും
സഞ്ജീവന്

NB: ഇനികാണുമ്പോള്‍ മെയില്‍ ഐഡിയോ, സെല്‍നമ്പരോ തരികയാണെങ്കില്‍ ബ്ലോഗുവായിക്കുന്ന കപട ബുജികള്‍ കാണാതെ കോണ്‍‌ടാക്റ്റ് ചെയ്യാം.

4 Comments:

At Monday, September 04, 2006 10:55:00 AM, Blogger ശിശു said...

ഓണം കാശ്‌ ചിലവാക്കി ആഘോഷിച്ച്‌ തീര്‍ക്കുമ്പോള്‍,മറന്നുപോകുന്ന ചില യാഥര്‍ത്ഥ്യങ്ങളെ ഓര്‍മ്മിപ്പിച്ചതിനു നന്ദി..സമാന ചിന്തഗതികല്‍ ശിശു http://entekurippukal.blogspot.com/വിന്റെ വെന്തു നീറുന്ന ഓണം എന്ന പോസ്റ്റിലുമുണ്ട്‌..

 
At Monday, September 04, 2006 2:18:00 PM, Blogger പീക്കുട്ടന്‍ said...

വളരെ നന്നായിട്ടുണ്ട്‌. പറയണമെന്നു മനസ്സില്‍ പലവട്ടം തോന്നിയിട്ടുള്ള കാര്യങ്ങള്‍ എഴുതിക്കണ്ടപ്പോള്‍ വലിയ സന്തോഷം.

എനിക്കു കൂടുതല്‍ വഴങ്ങുന്നതു ഇംഗ്ലീഷ്‌ ആണു, ആ ഭാഷയിലാണു കവിതകള്‍ എഴുതിയിട്ടുള്ളതും.

Still, I want to be a small part of the great world of malaylam blogs.
And I wish you a fantastic onam. (even if it has lost all the charms of yester years.)

 
At Monday, September 04, 2006 6:11:00 PM, Blogger മയ്യഴി said...

ശാസ്ത്രീയമായി സിംഹത്തെപ്പിടിക്കുന്നതിനെക്കുറിച്ച് എഴുതിയതിനു ശേഷം പോസ്റ്റൊന്നും കാണാതിരുന്നപ്പോള്‍ അശാസ്ത്രീയമായി സിംഹത്തെപ്പിടിക്കാന്‍ പോയോ എന്നു സംശയിച്ചു.
ഹാവൂ,ആശ്വാസമായി

 
At Thursday, October 05, 2006 10:47:00 AM, Blogger ശ്രീജിത്ത്‌ കെ said...

ഇപ്പോഴാണ് കാണുന്നത്. കലക്കന്‍ പോസ്റ്റ്. ഇഷ്ടമായി. മാവേലി ഇത് വായിച്ച് കാണുമെന്ന് കരുതാം, അല്ലേ ;)

 

Post a Comment

<< Home