Sunday, June 25, 2006

ഗതകാലസ്മരണകള്‍(ശ്രീ)

ഞാന് അങ്ങിനെ പോസ്റ്റുകളും കമന്റുകളും എല്ലാം നഷ്ടപ്പെട്ട്‌ കുറത്തി ചത്ത കുരങ്ങനെ പോലെ അനാഥനായി ഇരിക്കുമ്പോളാണവന്‍ വന്നത്‌, അവന്‍ തന്നെ!! പഴയ കഥയിലെ 'വൈ' അഥവാ ശ്രീരാജ്‌. കഥകളെല്ലാം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത്‌ നിനക്കിതെല്ലാം വരണമെന്നാണ്‌ അവനേയും അവന്റെ ഭാവി അളിയനേയും കളിയാക്കിയതിന്റെ ഫലമാണത്രെ. നിന്റെ കമ്പ്യൂട്ടറും ഇടിവെട്ടി പോകുമെന്നാണവന്‍ അവസാനം പറഞ്ഞത്‌. അവനെ അങ്ങിനെ വിടാന്‍ പറ്റില്ലല്ലോ അതുകൊണ്ട്‌ ഇത്തവണ ഒന്നുരണ്ടു ശ്രീകഥകള്‍ ഇരിക്കട്ടെ, ബ്ലോഗിലെഴുതാന്‍ ആരുടേയും മസിലിനെ പേടിക്കണ്ടല്ലോ.

ആദ്യം തന്നെ ഒരു ഫുട്ബോള്‍ കഥയാവട്ടെ, ഞങ്ങള്‍ പത്തില്‍ പഠിക്കുന്ന കാലം, ആദ്യം ഇരുപതുഗോളടിക്കുന്നവന്‍ ജയിക്കും എന്ന നിയമത്തിലധിഷ്ഠിതമായാണ്‌ ഞങ്ങളുടെ സ്കൂളിലെ ഫുട്ബോള്‍ കളി തുടങ്ങുക. ചെരിഞ്ഞ മൈതാനത്തില്‍ ഉയര്‍ന്ന സ്ഥലത്തേ ഗോള്‍ പോസ്റ്റാണ്‌ ഞങ്ങളുടേത്‌(എന്നും എപ്പോഴും, ഞങ്ങള്‍ വില്ലന്മാരാണല്ലോ). ശ്രീയുടെ മൃഗീയമായ കളിയുടേയും, മൈതാനത്തിന്റെ ചരിവിനും മുന്നില്‍ എതിരാളികള്‍ എന്നും തോറ്റാണു മടങ്ങുക, അടുത്ത ദിവസം മിക്കവാറും സ്കൂളില്‍ വരാറുമില്ല. അങ്ങിനെ ശ്രീയുടെ സ്റ്റാമിനയിലും കഴിവിലും സ്പോര്‍ട്സ്‌ സാര്‍ അമറാച്ചന്‍(അവറാച്ചന്‍) സന്തുഷ്ടനായി. ഇന്റര്‍സ്കൂള്‍ മത്സരം വന്നപ്പോള്‍ ശ്രീയും ടീമിലുണ്ട്‌. ഞങ്ങളുടെ നിത്യ എതിരാളികളായ ആട്ടിന്‍ കുട്ടി ജീപ്പേല്‍ മുള്ളി(AKJM) സ്കൂളുമായാണ്‌ മത്സരം. ടീമംഗങ്ങള്‍ രാവിലെ സ്കൂളില്‍ നിന്നു പുറപ്പെട്ടപ്പോള്‍ ഞാനൊക്കെ എന്തൊരു വിഷമത്തിലായിരുന്നു സ്കൂളിലിരുന്നത്‌. മത്സരം തുടങ്ങി ആദ്യ പകുതിയില്‍ ഗോളൊന്നും വീണില്ല, രണ്ടാം പകുതി തുടങ്ങി ശ്രീയുടെ കാലില്‍ പന്തുകിട്ടിയ ഉടനെ അവന്‍ പന്തും കൊണ്ട്‌ സ്വന്തം പോസ്റ്റിലേക്ക്‌ ചെന്ന് ഗോളിയെ നിഷ്‌പ്രഭനാക്കി പൂര്‍ണ്ണശക്തിയില്‍ ഗോളടിച്ചത്രേ. വിശ്വസ്തരായ ചില കേന്ദ്രങ്ങളില്‍ നിന്നറിയാന്‍ സാധിച്ചത്‌, അതും കഴിഞ്ഞ്‌, ആഹ്ലാദപ്രകടനവും നടത്തി, ഗോളിയോട്‌ "നീയെന്നാ ഇവിടെ നിക്കുന്നത്‌?" എന്നും ചോദിച്ചെന്നാണ്‌.
ശ്രീയ്ക്കറിയത്തില്ലാത്ത പല നിയമങ്ങളും ആകളിയിലുണ്ടായിരുന്നു അതില്‍ പ്രധാനമായിരുന്നു പകുതിക്കുശേഷം ഗോള്‍പോസ്റ്റ്‌ മാറുമെന്ന നിയമം. ഇതുവരെ കഥയായിരിക്കാം, പക്ഷേ ശ്രീയുടെ സെല്‍ഫ്ഗോളിലാണ്‌ കളിതോറ്റതെന്നും അടുത്ത ഒരാഴ്ച്ച അവന്‍ സ്കൂളില്‍ വന്നില്ലന്നതും സത്യം.

അടുത്തത്‌, ഞങ്ങളുടെ ബിരുദപഠനക്കാലത്തിന്റെ അവസാനമുള്ള ടൂര്‍പ്രോഗ്രാം, പണത്തിന്‌ കുറവ്‌ എനിക്കുമാത്രമേ ഉള്ളു എന്നതിനാല്‍ ബാംഗ്ലൂരേതോ ഭേദപ്പെട്ട ഹോട്ടലിലായിരുന്നു താമസം. ആദ്യദിവസം തന്നെ കറക്കമൊക്കെ കഴിഞ്ഞ്‌ തിരിച്ചുവന്നപ്പോള്‍ അതാ നില്‍ക്കുന്നൊരു ലിഫ്റ്റ്‌. ഞങ്ങളാരും ലിഫ്റ്റില്‍ കയറിയിട്ടില്ലന്നുമാത്രമല്ല, ഹണീബീ ഞങ്ങളെ ലിഫ്റ്റില്‍ കയറാന്‍ പ്രേരിപ്പിക്കുകയുമാണ്‌(അതേ ഹണീബീ കൊണ്ടുതന്നെ ഈ കഥ സത്യമാണോ എന്നറിയില്ല). ഒട്ടേറേ കുത്തുകള്‍ക്കുശേഷം അതൊന്നു തുറന്നു ഞങ്ങളെല്ലാം തിക്കി അകത്തുകയറി പൊങ്ങാനുള്ള കുത്തുതുടങ്ങി, ആദ്യം തൊട്ടെ ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരുന്ന തമിഴ്നാട്ടുകാരന്‍ വാച്ചര്‍ ഓടിവന്ന് ഇത്രയും പേര്‍ക്ക്‌ ഒരുമിച്ച്‌ പോകാന്‍ കഴിയില്ലന്നും കുറച്ചുപേര്‍ ഇറങ്ങി നില്‍ക്കണമെന്നും എല്ലാവരേയും അദ്ദേഹം തന്നെ കൊണ്ടുവിടാമെന്നും പറഞ്ഞു. ശ്രീക്കഭിമാനക്ഷതമായി. പുള്ളി വാച്ചറൊടു ചൂടായി "താന്‍ പോടോ അണ്ണാച്ചി ഞങ്ങളുടെ വീട്ടിലുമുണ്ട്‌ സ്വിച്ചുബോര്‍ഡും, ക്രെയിനുമൊക്കെ"

ശ്രീക്കഥകള്‍ തീരുന്നില്ലന്നുമാത്രമല്ല ഒരുപാടുണ്ട്‌താനും, പക്ഷേ കാലദേശഭേദത്തില്‍ അവയില്‍ പലതും പലരുടേയും മേല്‍ ആരോപിച്ചു കേട്ടിട്ടുണ്ട്‌. ഇതൊക്കെ സത്യമാണോടാ എന്നു ചോദിച്ചാല്‍ "പിന്നെന്തൊക്കെ പാണന്മാര്‍ പാടിനടക്കുന്നുണ്ട്‌?" എന്ന മട്ടിലൊരു നോട്ടം നോക്കും(ക്രെയിനേ എന്നു വിളിച്ചാല്‍ വട്ടിളകുന്നത്‌ മറക്കുന്നില്ല). അതിനാല്‍ ശ്രീയുടെ മേല്‍ മാത്രം ഞാന്‍ കേട്ടിട്ടുള്ള കഥകളാണിവ എന്നേ എനിക്കീ കഥകളേകുറിച്ച്‌ പറയാന്‍ കഴിയൂ. മസിലിനെ പേടിക്കണ്ട എന്നു പറഞ്ഞെങ്കിലും, ഇടികിട്ടിയില്ലങ്കില്‍ ശ്രീകഥകള്‍ ഇനിയുമുണ്ടാകും.

2 Comments:

At Sunday, June 25, 2006 12:26:00 AM, Blogger സഞ്ജീവ് said...

"ഗതകാലസ്മരണകള്‍(ശ്രീ)"

 
At Sunday, June 25, 2006 7:44:00 PM, Blogger Deepu G Nair [ദീപു] said...

ഡാ എന്തു പറ്റി നീന്റെ പോസ്റ്റുകള്‍ക്ക് .....പഴയതൊന്നും കാണാനില്ലല്ലോ..? പിന്നെ എന്തൊക്കെയുണ്ടു വിശേഷങ്ങള്‍ സുഖം തന്നെ...?

 

Post a Comment

<< Home