Monday, June 19, 2006

പഴയ എഴുത്തുകള്‍

പലകളികളും കളിച്ചും പലകളികളും കണ്ടും വളര്‍ന്ന എനിക്ക്‌ ബ്ലോഗര്‍ കണ്ടപ്പോള്‍ ഒരാശ അതില്‍കയറി ഒന്നു കളിക്കണം. അങ്ങിനെ അങ്ങിനെ കളിച്ചു കളിച്ചു വന്നപ്പോള്‍ ശ്രീമാന്‍ ബ്ലോഗര്‍ എന്നോടു പറഞ്ഞു "Dont want, Dont want" ഞാന്‍ കാര്യമാക്കിയില്ല കളിതുടര്‍ന്നു എന്തു സംഭവിച്ചൂന്നറിയാമോ?? "Dont want Dont want I said, but you not only heard that but also climbed upon my head and played, This is not going to walk" [ഇംഗ്ലീഷ്‌ അറിയത്തില്ലാത്തവര്‍ക്കായി തര്‍ജ്ജുമ്മ:: 'വേണ്ടാ വേണ്ടാന്ന് ഞാന്‍ പറഞ്ഞു പക്ഷേ നീ കേട്ടില്ലന്നു മാത്രമല്ല എന്റെ തലയില്‍ കേറി കളിച്ചു, ഇതു നടക്കാന്‍ പോകുന്നില്ല'] എന്നും പറഞ്ഞ്‌ എന്റെ പോസ്റ്റെല്ലാം ഡിലീറ്റി. അതുകൊണ്ട്‌ ആതിരപ്പള്ളി വെള്ളച്ചാട്ടം താഴോട്ടു വീഴുന്നതുപോലെ എന്റെ പോസ്റ്റുകളെല്ലാം താഴോട്ടിടുന്നു......................................................................................മൃതസഞ്ജീവനി


മരിക്കാതിരിക്കേണ്ട ഭൂമി
ആരോ പറഞ്ഞു നിനക്കാത്മശാന്തി
ആരുടെ തൂലികത്തുമ്പേറി വന്നാലും
ആശാന്തിയേകീതശാന്തി.

പുതിയൊരാ പുലരിയും, വിരിയുന്ന പൂക്കളും
പുതുമഴക്കൊപ്പമായ് എത്തിയ സുഗന്ധവും
മരിക്കാതിരിക്കേണ്ട ഭൂമി, അവര്‍
മുഴുവനായറിയാതിരുന്നോ നിന്‍ സുകൃതി.

പല ചെറിയ പതനപടവുകളില്‍ നിന്നും നീ,
പുതിയൊരാ വാനം കടന്നു പോകുന്നതും
യുഗയുഗാന്തരങ്ങളായ് ചുടുനിണച്ചാലുകള്‍
വരയുന്ന മക്കളെ നെഞ്ഞോടു ചേര്‍ത്തതും
എരിയുന്ന കിരണങ്ങള്‍ വഴിയുന്ന കാന്തനെ
നവവധുവെപ്പോലെ പ്രദക്ഷിണം വയ്പതും;
ഉടല്‍ തണുത്തുറഞ്ഞു പോം മഞ്ഞിന്‍ ഗ്രസനത്തിലും
ഉറവായു തേടിയ മഹാപ്രളയത്തിലും
സുരപഥത്തിലെ കൊടും കല്ലേറു തന്നിലും
ഇടറാതെ, ചുവടുകള്‍ പതറാതെ, പെരുവഴി പിരിയാതെ
നിര്‍ത്താതെ ഭ്രമണം നടത്തുവോള്‍-
മരിക്കാതിരിക്കേണ്ട ഭൂമി
ആരും പറഞ്ഞില്ലേ നിന്‍ പ്രകൃതി.

മരിക്കാതിരിക്കേണ്ട ഭൂമി..
പരിഷ്ക്കാര വഴിയിലെ പടപുറപ്പാടുകളില്‍
മാനവകുലമാകെ അടിതെറ്റി വേരറ്റുപോകിലും,
ഇടറാതെ, ചുവടുകള്‍ പതറാതെ, പെരുവഴി പിരിയാതെ
നിര്‍ത്താതെ നീണാള്‍ ചരിക്ക നീ
പക്ഷേ ആരോ പറഞ്ഞത് നിനക്കാത്മശാന്തി
ആരുടെ തൂലികത്തുമ്പേറി വന്നാലും
ആശാന്തിയേകീതശാന്തി.അടിയന്തിര പ്രാധാന്യം


ഇഡ്ഢലി തിന്നണം, ഇഷ്ടരെ കാണണം,
ഇരുന്നു വെറുതെ സമയം പോക്കണം,
ഇടക്കിടക്കിടെ മുറുക്കിത്തുപ്പണം,
കുറയാതെ വേണം അപരദൂഷണം,
ചിലവുകളൊക്കെ കേട്ടറിയണം,
ഇവിടെ ചെറിയ പ്രധാനിയാകണം,
ഇടക്കു മെല്ലെ അറയില്‍ ചെല്ലണം,
ചിരിച്ചു നിക്കണം, 'ചെറുത'ടിക്കണം,
ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കണം, പിന്നെ
ഉണ്ടായ പ്രശ്നങ്ങള്‍ ഇല്ലാതെയാക്കണം,
അരിക്കു ദോഷങ്ങള്‍ അടച്ചു ചൊല്ലണം,
കടക്കാരനെ തെറി പറയണം,
കറികളെണ്ണണം, രുചിച്ചറിയണം,
കടുത്ത വാക്കിനാല്‍ വിമര്‍ശിച്ചീടണം,
പായസത്തിന്റെ പാകം മാറ്റണം,
ചെളികള്‍ ഇലയില്‍ കണ്ടെത്തേണം,
കുറവുകളേറെ കണ്ടെന്നാലും
മടിയില്ലാതെ സദ്യയുണ്ണണം,
നിലവിളക്കും നിറച്ച എണ്ണയും
കണക്കു നോക്കണം, എടുപ്പിക്കണം,
ഒടുക്കം വരയ്കും കാത്തുനിക്കണം,
ഇഴഞ്ഞിഴഞ്ഞു മടങ്ങിപ്പോകണം,
അടിക്കടിക്കായ്‌ മരണം വരണം,
അടിയന്തിരങ്ങള്‍ മുറയായ്‌ ശരണം.


ഭൂതകാലസ്മരണകള്‍ (അക്കരപച്ച)


ഓര്‍മ്മ വച്ച കാലം മുതല്‍ അവളെന്റെ കൂടെ ഉണ്ടായിരുന്നു, എന്റെ കുടുംബവീടിന്റെ മുന്നിലൂടെ ഒഴുകുന്ന ഒരു ചെറിയ തോടിന്റെ മറുകരയിലായിരുന്നു അവളുടെ താമസം. അവളുടെ അമ്മയെ അക്കരയമ്മ എന്നു ഞാന്‍ വിളിച്ചുപോന്നു. എങ്കിലും എഴുത്തുകളരിയില്‍ വച്ചായിരിക്കണം എനിക്ക്‌ അവളോട്‌ എന്തെങ്കിലും ഒരു പ്രത്യേക ഇഷ്ടം തോന്നിയത്‌. പക്ഷെ എന്റെ നിര്‍മ്മലപ്രേമം തുടക്കത്തില്‍ തന്നെ ഭീകരമായി ആക്രമിക്കപ്പെട്ടു. പഠനത്തിനിടയില്‍ അവള്‍ക്ക്‌ സ്നേഹത്തില്‍ പൊതിഞ്ഞൊരു ചുംബനം നല്‍കാനുള്ള എന്റെ ശ്രമത്തെ കളരിയാശാന്‍ കണ്ടെത്തുകയും അടിച്ചമര്‍ത്തുകയും ചെയ്തു. എനിക്കിട്ടുള്ള ഓരോ അടിയും ഞാന്‍ കരഞ്ഞുകൊണ്ടും അവള്‍ ചിരിച്ചുകൊണ്ടുമാണ്‌ നേരിട്ടത്‌. അതിനുശേഷം ഞങ്ങള്‍ ഒരുപാടുവഴികള്‍ ഒന്നിച്ചു നടന്നെങ്കിലും ചുംബിക്കാനുള്ള മോഹം മനസ്സില്‍ കിടന്ന് പിടഞ്ഞെങ്കിലും മനസ്സാന്നിധ്യം കിട്ടിയിട്ടില്ല.

സ്കൂള്‍ കാലഘട്ടമായപ്പോഴേക്കും പനി, ചുമ, കരപ്പന്‍, കൊക്കപ്പുഴു മുതലായ നിഗൂഢശക്തികളുടെ വ്യത്യസ്താക്രമണഫലമായ്‌ കൂട്ടത്തിലെ ദുര്‍ബലനും, പ്രത്യേകിച്ചു കാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ പഠനത്തിലെ ശരാശരിക്കാരനുമായ്‌ തീര്‍ന്ന എനിക്കെതിരെയുള്ള സഹജീവികളുടെ അധിനിവേശങ്ങള്‍ ഫലപ്രദമായി തടഞ്ഞിരുന്നത്‌ അവളാണ്‌. പകരമായി ഞാന്‍, കയ്യാലകള്‍ കേറുമ്പോള്‍ അവളുടെ കൈ പിടിക്കുകയും മാങ്ങാപെറുക്കുവാന്‍ മുമ്പില്‍ നടക്കുകയും സ്ലേറ്റ്‌ മായ്ക്കാന്‍ വെള്ളപച്ച പറിച്ചുകൊടുക്കുകയും ചെയ്തു. ശരാശരിക്കാരനായിരുന്ന എനിക്ക്‌ ഒന്നാം റാങ്കിലെന്താണ്‌ കാര്യമെന്നു തോന്നാം, എങ്കിലും പറയട്ടെ, എന്റെ കൂട്ടുകാരിയെ കടത്തിവെട്ടി കിഴക്കുംഭാഗംകാരി നമ്പൂരികൊച്ചിന്‌ ഒരു ചെറിയ പരീക്ഷയില്‍ പോലും ഒന്നാംസ്ഥാനം ലഭിക്കുന്നത്‌ എനിക്ക്‌ സഹിക്കില്ലായിരുന്നു(വേറാരും മത്സരിക്കാനുണ്ടായിരുന്നില്ല, കൂടാതെ ഡീപ്പീയീപ്പീ വിദ്യാഭ്യാസവകുപ്പിന്റെ സ്വപ്നത്തില്‍ പോലുമില്ലായിരുന്നു). സ്ഥാനം ഒന്നായാലും രണ്ടായാലും അവളത്‌ സന്തോഷത്തോടെ സ്വീകരിക്കുകയും എന്നെ സമാധാനപ്പെടുത്തുകയും ചെയ്തു പോന്നു. രണ്ടാംക്ലാസ്സിനൊടുവിലെ മധ്യവേനലവധിക്കാലത്ത്‌ അച്ഛനൊപ്പം പുതിയ ജോലിസ്ഥലത്തേക്ക്‌ പോയ ഞങ്ങളോടൊപ്പം വരണം എന്നും വാശിപിടിച്ച്‌ തോടിനക്കരെ നിന്ന ആ മഞ്ഞപ്പൂക്കുപ്പായക്കാരിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

പിന്നീട്‌ അവധികളില്‍ യാത്രകള്‍, പുനസ്സമാഗമങ്ങള്‍, മടക്കയാത്രകള്‍. ഓരോ മടക്കയാത്രകളിലും ഞാന്‍ ദുഖത്തിന്റെ പിന്‍സീറ്റിലായിരുന്നുവെങ്കിലും അവള്‍ ചിരിച്ചുകൊണ്ടായിരുന്നു യാത്രയാക്കിയിരുന്നത്‌.മലബാറാകെ കറങ്ങി ഒന്‍പതാംക്ലാസ്സായപ്പോഴേക്കും വീണ്ടും നാട്ടിലെത്തി, വീണ്ടും ഞങ്ങള്‍ ഒരു ക്ലാസ്സില്‍(ഒരു ഡിവിഷന്‍ മാത്രമുള്ള സ്കൂളാകുമ്പോള്‍ അത്‌ നിങ്ങള്‍ വിചാരിക്കുന്നത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല). മുമ്പുള്ള ഓരോ കൂടികാഴ്ചയിലും അവള്‍ക്ക്‌ പൊക്കം കൂടി വരുന്നത്‌ ഞാനറിഞ്ഞിരുന്നെങ്കിലും, ഒന്‍പതില്‍ അവള്‍ക്ക്‌ എന്നെക്കാളും ഇത്രയേറെ ഉയരമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അവളും ഞാനും തമ്മിലുള്ള ഡിസ്റ്റന്‍സ്‌ വര്‍ദ്ധിച്ചു. അടുത്ത്‌ ചെന്ന് എന്തിന്‌ വെറുതെ ഞാന്‍ ചെറുതാകണം? പക്ഷെ അവള്‍ക്ക്‌ മാറ്റമൊന്നുമുണ്ടായിരുന്നില്ല ഓരോ രണ്ടുമിനിട്ട്‌ കൂടുമ്പോഴും അവളെന്നെ നോക്കി ചിരിച്ചു. ഉച്ചക്ക്‌ കറികളും തോരനും എനിക്കായി കൂടുതല്‍ കൊണ്ടുവന്നു. പഴയതുപോലെ തന്നെ എന്നെ പിടിച്ചുവലിച്ച്‌ ശവക്കോട്ടവഴിയുള്ള കുറുക്കുവഴികേറ്റി വീട്ടിലേക്ക്‌ മടങ്ങി.

പത്താം ക്ലാസായി, കെമിസ്റ്റ്രിയും ചരിത്രവും എനിക്കസഹനീയങ്ങളായിരുന്നു. പൊട്ടാസ്യം കത്തുമ്പോള്‍ നീലനാളങ്ങള്‍ (അതോ ചുവപ്പോ) ഉണ്ടാകുമെന്ന് എനിക്ക്‌ ഓര്‍ക്കാനേ കഴിയില്ലായിരുന്നു. ഓര്‍ഗാനിക്‌ കെമിസ്ട്രിയാട്ടെ ബാലികേറാമലയും. എന്നെ പഠിപ്പിക്കുക എന്ന അസാമാന്യ ദൌത്യവും ചെറുചിരിയോടെ അവളേറ്റെടുത്തു. തുഗ്ലക്‌ സുല്‍ത്താനായി കള്ളടിച്ചുവരുന്ന വേലായുധേട്ടനെ കാണാനും പുള്ളിയുടെ കുടുംബത്തെ പ്രജകളായും കാണുക എന്ന ബി.എസ്‌.വാരിയര്‍ തന്ത്രം വര്‍ഷങ്ങള്‍ക്കുമുന്‍പേ അവളെന്നെ പഠിപ്പിച്ചു. തന്ത്രങ്ങളുടേയും സൂത്രപ്പണികളുടെയും ചിറകിലേറി ഞാനും ഒരു ഫസ്റ്റ്‌ക്ലാസൊപ്പിച്ചു. പക്ഷെ അവളുടെ മാര്‍ക്ക്‌ കുറഞ്ഞു. കഷ്ടി ഡിസ്റ്റിങ്ങ്ഷന്‍ മാത്രം. നിന്നെ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ എന്റെ കൊച്ചിന്റെ മാര്‍ക്ക്‌ പോയി എന്ന് അക്കരയമ്മ എന്നോടു പിണങ്ങി.

പ്രീഡിഗ്രി ആപ്ലിക്കേഷന്‍ ഫോം ഞങ്ങള്‍ ഒന്നിച്ചാണ്‌ പൂരിപ്പിച്ചത്‌. അവളെഴുതിയ ഗ്രൂപ്പുതന്നെ എഴുതാനും, അവളെടുത്ത രണ്ടാം ഭാഷ തന്നെ തിരഞ്ഞെടുക്കാനും ഞാന്‍ ശ്രദ്ധിച്ചു. അവളോടൊപ്പം പഠിക്കുകയായിരുന്നു എന്റെ ലക്ഷ്യം. വീണ്ടും ഒരു ക്ലാസ്സില്‍, എനിക്കും പൊടിമീശ മുളച്ചു, അവളേക്കാള്‍ പൊക്കം വെച്ചു. അവള്‍ കണക്കും, രസതന്ത്രവും, ഭൌതികശാസ്ത്രവും പഠിച്ചപ്പോള്‍, ഞാന്‍ ചില്ലറ ദുശ്ശീലങ്ങള്‍ പഠിച്ചു, ഗുണ്ടായിസം പഠിച്ചു. കോളേജില്‍ നിന്ന് വീട്ടില്‍ പോകുമ്പോള്‍ ഇതെല്ലാം വീട്ടില്‍ പറയുമെന്ന് അവള്‍ ചിരിച്ചുകൊണ്ട്‌ വെറുതെ ഭീഷണിപ്പെടുത്തി.

പ്രീഡിഗ്രിക്കുശേഷം അവള്‍ എഞ്ചിനീയറിങ്ങില്‍ ഉപരിപഠനത്തിനു പോയപ്പോള്‍, ഞാന്‍ തൊട്ടടുത്ത കോളേജില്‍ ചീട്ടുകളിയുടെ പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും പരീക്ഷിച്ചു, ഉഴപ്പിന്റെ പുതിയ സിദ്ധാന്തങ്ങള്‍ക്ക്‌ തെളിവുകള്‍ തേടി. എങ്കിലും അമ്പലത്തിലെ ഉത്സവത്തിന്‌ ഞങ്ങളൊന്നിച്ചാണ്‌ പോയത്‌. തിടമ്പെടുത്തുനിന്ന കൊമ്പന്റെ മസ്തകവിരിവ്‌ ഞാന്‍ മനസ്സാലളന്ന് അതില്‍നിന്ന് നെറ്റിപട്ടത്തിന്റെ ഇഫക്റ്റ്‌ കുറക്കാന്‍ ശ്രമിക്കുമ്പോള്‍, അവള്‍ തിരികത്തിച്ചു വെക്കുമ്പോള്‍ വട്ടത്തില്‍ പായുന്ന കളിബോട്ടിനെ എങ്ങിനെ നേരെ ഓടിക്കാം എന്നു ചിന്തിക്കുകയായിരുന്നു. തിരിച്ചുവന്നപ്പോള്‍ അവളെ പരീക്ഷിക്കാനായി എനിക്കാരെയെങ്കിലും പ്രേമിച്ചേ മതിയാവൂ എന്നും പറഞ്ഞ്‌ രണ്ട്‌ പെണ്‍കുട്ടികളുടെ പേരു പറഞ്ഞപ്പോള്‍ അവള്‍ ഒരു കള്ളച്ചിരിയോടെ, പ്രേമാഭ്യര്‍ത്ഥന നടത്തേണ്ട വിധവും അഭ്യര്‍ത്ഥനാ സമയത്ത്‌ കാത്തുസൂക്ഷിക്കേണ്ട ബോഡി ലാങ്ങ്വേജും എനിക്കു പറഞ്ഞു തന്നു. അവളെന്നെയാണ്‌ പരീക്ഷിച്ചത്‌, ഞാന്‍ വീണ്ടും പൊട്ടി. എനിക്ക്‌ നേരിട്ടു പറയാന്‍ പേടി ആയിരുന്നു, 'നാണമില്ലേടാ നിനക്ക്‌?' എന്നെങ്ങാനും ചോദിച്ചാലോ, ആശാന്‍ തല്ലിയപ്പോള്‍ പൊട്ടിച്ചിരിച്ചവളെ എനിക്കു മറക്കാന്‍ പറ്റുമോ..

അവള്‍ക്ക്‌ ജോലി കിട്ടിയപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട്‌ കവലയിലെ കലുങ്കിലിരുന്ന് വേല്‍ മുരുകാ ഹരോ ഹര പാടി, ഇനി കടം മേടിക്കുന്നതിന്റെ അളവു കൂട്ടാമല്ലോ.ഇന്നാണവളുടെ വിവാഹനിശ്ചയം, ഏതോ ടെക്നോപാര്‍ക്കന്‍. ഇന്നലെ രാവിലെയും ഞാനവളുടെ വീട്ടില്‍ ചെന്നതായിരുന്നിട്ടും അവളുടമ്മ ഒന്നും പറഞ്ഞില്ല. ഇന്നിതേവരെ എന്റമ്മയും പറഞ്ഞിട്ടില്ല, അറിയാതിരുന്നിട്ടൊന്നുമാവില്ലന്നു തീര്‍ച്ച.

ഇന്നലെ വൈകിട്ട്‌ അവളാണെന്നോടു പറഞ്ഞത്‌ ഒട്ടും ചിരിക്കാതെ.എനിക്കും ചിരിവന്നില്ല, ഇപ്പോള്‍ വരുന്നുമില്ല, ഇനിയൊട്ടു വരാനും ചാന്‍സ്‌ കുറവാണ്‌...നിര്‍ത്തട്ടെ..എന്നോടു ക്ഷമിക്കില്ലേ


ഞാനൊരു തിരിച്ചുവിടല്‍ താള്‍ ഉണ്ടാക്കി പരീക്ഷിച്ചു, ചുമ്മാ കിട്ടിയ പട്ടയമല്ലേ എന്നോര്‍ത്ത്‌ മായ്ച്ചുകളഞ്ഞുമില്ല അത്രമാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു, മറ്റൊന്നും മനപ്പൂര്‍വം ചെയ്തിട്ടില്ല. ഇന്നലെ തന്നെ മറുപടി കൊടുത്തെങ്കിലും ആ മറുപടിയില്‍ എന്റെ അഹങ്കാരവും താന്തോന്നിത്തവും ആണ്‌ പ്രതിഫലിക്കുന്നത്‌ എന്നാണ്‌ ഇവിടെ ചില ദോഷൈകദൃക്കുകളുടെ അഭിപ്രായം. ആദിത്യന്‍ ചേട്ടന്‍ പറഞ്ഞതു പോലെ ഞാന്‍ ചൂടായതല്ലങ്കിലും, എന്റെ പോസ്റ്റ്‌ ഒന്നുകൂടി അണച്ചകമ്പി വഴി എടുത്ത്‌ വായിച്ചപ്പോള്‍ പിന്നേം ശങ്ക. ആരുടേയും ബ്ലോഗ്‌നാമാവലി റേഷന്‍കടയിലെ വിലവിവരപട്ടിക പോലെ കാണാത്ത സ്ഥലത്ത്‌ കൊണ്ടുവെക്കാന്‍ മനസാ വാചാ കര്‍മ്മണാ ശ്രമിച്ചിട്ടില്ല(അതിനുള്ള വിവരവും ഇല്ല).

ഔപചാരികതയുടെ അച്ചാറു തൊട്ടുനക്കി എരിവുവലിച്ചുകേറ്റണ്ടല്ലോ എന്നു കരുതിയാണ്‌, ഒറ്റക്കാലേല്‍ കോച്ചി നിന്ന് നിപ്പനടിച്ചത്‌, അല്ലാതെ അഹങ്കാരം കൊണ്ടല്ല, കുറഞ്ഞത്‌ എഴുതിയപ്പോഴെങ്കിലും. പുലികള്‍ക്കിടയില്‍ നരിയെങ്കിലും ആകണം എന്നാഗ്രഹമുണ്ടെങ്കിലും എലിയായി തുടങ്ങാനാണ്‌ തീരുമാനം.

എന്തായാലും ഈ ബൂലോഗത്തേക്കുള്ള എന്റെ പ്രവേശനം ജപ്പാന്‍ മുതല്‍ അമേരിക്ക വരെ ഒരു ആഗോള...... വീണ്ടും അഹങ്കാരത്തിന്റെ മണം??? ഇല്ല, നിര്‍ത്തി, ഞാനിതാ ഭൂമിയോളം, പാതാളത്തോളം താഴ്ന്നു ചോദിക്കുന്നു "ഞാനറിയാതെ ചെയ്ത തെറ്റിന്‌ എന്നോടു ക്ഷമിക്കില്ലേ??"

ഞരക്കം: ഇതൊരു പുതിയ പോസ്റ്റായി കുഴിച്ചിടണോ, മറുപടിയായി ബൂലോഗ ക്ലബ്ബില്‍ കൊടുക്കണോ എന്നാലോചിച്ചാലോച്ചിച്ച്‌ ഉത്തരം കിട്ടാത്തതിനാല്‍ ഇങ്ങോട്ടു വയ്ക്കുന്നു, മാപ്പു കിട്ടിയാല്‍ പെട്ടന്നറിയാമല്ലോ..ഗതകാലസ്മരണകള്‍(അളിയന്‍)


പത്താംക്ലാസ്സില്‍ വച്ചാണ്‌ എനിക്കൊരു സ്വന്തം അളിയനുണ്ടാകുന്നത്‌. നേരത്തേ പറഞ്ഞ കിഴക്കുംഭാഗംകാരി നമ്പൂതിരികൊച്ചിന്റെ സഹോദരന്‍ (അവനെ വേണമെങ്കില്‍ എക്സ്‌ എന്നു വിളിക്കാം, ഇപ്പോള്‍ എക്സ്‌ അളിയന്‍ എന്നും വിളിക്കാം). ബാല്യകാലസഖിയുടെ അടുത്ത്‌ എന്റെ ബുദ്ധിപരമായ നീക്കങ്ങള്‍ ഒരെണ്ണം പോലും ഏല്‍ക്കാതെ വന്നപ്പോഴുണ്ടായ സ്വാഭാവികമായ പരിണാമമായിരുന്നു എന്നെ നമ്പൂരി കൊച്ചിന്റെ സമീപമെത്തിച്ചത്‌. പുതിയ സ്റ്റേഷനും ഫലപ്രദമായി ട്യൂണ്‍ ചെയ്തെടുക്കാന്‍ എനിക്കു സാധിച്ചിരുന്നില്ല. അങ്ങിനെയുണ്ടായ നിരാശ, അന്ന് എട്ടിലോ ഒമ്പതിലോ പഠിച്ചിരുന്ന ഇവനെ അളിയാ എന്നു വിളിക്കുന്നതിലൂടെ ഞാന്‍ തീര്‍ത്തു പോന്നു. സ്കൂളില്‍ തല്ലുകൊള്ളി എന്ന പേരും നല്ലൊരു തല്ലുകൊള്ളി സംഘത്തില്‍ അംഗവുമായിരുന്ന എന്നോട്‌ എന്നേക്കാളും വലിപ്പമുണ്ടായിരുന്നിട്ടും അവന്‍ നേരിട്ടെതിര്‍ത്തിരുന്നില്ല (ശരിക്കും തല്ലുകൊള്ളി എന്ന സ്ഥാനപ്പേര്‌ തല്ലുകൊള്ളിത്തരം കാട്ടാനുള്ള ഒരു ലൈസന്‍സ്‌ ആണ്‌). അത്‌ എന്നില്‍ ആത്മവിശ്വാസം വളരെ വളരെ വര്‍ദ്ധിപ്പിക്കുകയും അവനെ കാണുമ്പോഴൊക്കെ അളിയാ എന്നു വിളിക്കുവാന്‍ എന്നെ കൂടുതല്‍ കൂടുതല്‍ പ്രേരിപ്പിക്കുകയും ചെയ്തു.ടിയാന്റെ അകന്ന ബന്ധുവും സമീപവാസിയും മേല്‍പ്പറഞ്ഞ പെണ്‍കുട്ടിയെ മനസാല്‍ വരിച്ചവനുമായ ഒരുവന്‍ (ഓന്‍ വൈ, വൈ കഥകള്‍ ഒന്നല്ല ഒമ്പതു ബ്ലോഗില്‍ തീരില്ല) ആയിരുന്നു ഞങ്ങളുടെ സംഘത്തലവന്‍. അതുകൊണ്ടുതന്നെ എക്സിന്റെ വീടിന്റെ പരിസരത്തുകൂടി ഏതു പാതിരാത്രിയില്‍ പോയാലും ഇരുട്ടടി കിട്ടുമെന്നൊന്നും എനിക്കു ഭയക്കേണ്ടതില്ലായിരുന്നു. ഞാനും വൈയും ഒരേപെണ്‍കുട്ടിയെ നോട്ടമിട്ടിരുന്നതിനാല്‍ ഞങ്ങള്‍ തമ്മിലുള്ള മത്സരം എക്സിനെ കാണുമ്പോള്‍ വാശിയോടെ അളിയാ എന്നു വിളിക്കുന്നതില്‍ കലാശിച്ചിരുന്നു. എക്സാകട്ടെ ഞങ്ങളിലാരെയെങ്കിലും കാണുമ്പോള്‍ ഓടി ഒളിക്കുവാനും തുടങ്ങി. വൈയും എക്സും തമ്മില്‍ വളരെ നിഗൂഢമായ ഒരു വൈരാഗ്യം കൂടി ഉണ്ടായിരുന്നു. വൈ സ്കൂളില്‍ കാട്ടുന്ന ഓരോ വികൃതിയും എക്സ്‌ വള്ളിപുള്ളി തെറ്റാതെ വീട്ടിലെത്തിക്കും, തല്‍ഫലമായി സ്കൂളില്‍ നിന്ന് തുടയില്‍ അഞ്ച്‌ പാടുമായി വീട്ടിലേക്ക്‌ പോകുന്ന വൈ പിറ്റേന്ന് സ്കൂളിലേക്ക്‌ വരുന്നത്‌ പത്തുപാടുമായിട്ടായിരിക്കും. ആ വൈരാഗ്യവും അവന്‍ എക്സിനേ കാണുമ്പോള്‍ മാനസികമായി ആക്രമിച്ച്‌ തീര്‍ത്തിരുന്നു എന്നാണ്‌ തോന്നുന്നത്‌.അന്നെന്നോ ഒരിക്കല്‍ ഞാന്‍ എക്സിനേ കണ്ടപ്പോള്‍ അക്കാലത്ത്‌ വായിച്ച വേരുകള്‍ എന്ന നോവലില്‍ അളിയനെ വിളിക്കുന്നതു പോലെ "അത്തിമ്പാരേ.." എന്നൊന്ന് വിളിച്ചു നോക്കി. ആ വിളി ഒരു ദുരന്തത്തിലായിരുന്നു അവസാനിച്ചത്‌. വിളികേട്ടതും എന്തുകൊണ്ടാണെന്നറിയില്ല സര്‍വ്വനിയന്ത്രണവും തെറ്റി ലവന്‍ എന്നെ അടിക്കാനായി പാഞ്ഞെത്തിയെങ്കിലും ഞങ്ങളുടെ ഗുണ്ടാസംഘബലത്തിനു മുന്‍പില്‍ ഒട്ടേറെ അടിയും മേടിച്ച്‌ കരഞ്ഞുകൊണ്ടാണ്‌ മടങ്ങിയത്‌. തെറ്റിദ്ധരിക്കാന്‍ ഒരു വകുപ്പുമില്ലാത്തവണ്ണം സ്ഫുടമായും വ്യക്തമായും ആണ്‌ ഞാന്‍ വിളിച്ചതെങ്കിലും ഞാനവനെ തെറിവിളിച്ചു എന്നും, അതു ചോദിച്ചപ്പോള്‍ അവനെ കൂട്ടംചേര്‍ന്ന് ഇടിച്ചെന്നും അവന്‍ ഞങ്ങളുടെ ഹിന്ദി മാഷ്‌ പ്രാഞ്ചി(എബ്രഹാം ജി)യുടെ അടുത്ത്‌ പരാതിപെട്ടു. കൂടെ ഏറക്കാലമായി ഞാനവനെ അളിയാ എന്നു വിളിക്കുന്നതും അവന്‍ പറഞ്ഞു. ഞങ്ങള്‍ വിളിക്കപ്പെട്ടു, എല്ലാരും ഹാജര്‍. കുറ്റം വിസ്തരിക്കപ്പെട്ടു. "സാറെ ഞാന്‍ തെറിയൊന്നുമല്ല അത്തിമ്പാരെ എന്നാണ്‌ വിളിച്ചത്‌" എന്നൊക്കെ ഞാനെന്റെ ഭാഗം ന്യായീകരിക്കാന്‍ നോക്കിയെങ്കിലും ഫലവത്തായില്ല. നിനക്കങ്ങനെ വിളിക്കണ്ട കാര്യമെന്താണെന്നാണ്‌ ഞാന്‍ നിര്‍വീര്യനാക്കപ്പെട്ടത്‌. സംഭവം അടുത്ത ദിവസത്തെ സ്കൂള്‍അസംബ്ലി എന്ന നീതിന്യായസഭയിലേക്ക്‌ മാറ്റിവക്കപ്പെട്ടു. അടുത്ത ദിവസം അസ്ലംബി: (അ)ന്യായാധിപനും, ശിക്ഷകനും, കുറ്റവാളികളുമെത്തി, കുറ്റം വിളിച്ചുപറയപ്പെട്ടു, ശിക്ഷ വിധിക്കും മുന്‍പേ അടിതുടങ്ങി, അഞ്ചാറുപേരെ അടിച്ചു തീരണ്ടേ. ശരിക്കുമുള്ള ശിക്ഷ പിന്നീടായിരുന്നു അന്ന് മുഴുവന്‍ മുട്ടുകുത്തി നിന്നു.ഒരിക്കല്‍ കൂടി അവനെ ഞങ്ങളുടെ കൈയില്‍ കിട്ടി, തൊട്ടു താഴെയുണ്ടായിരുന്ന എല്‍.പി.സ്കൂളിന്റെ മൂത്രപ്പുരയിലേക്ക്‌ ഞങ്ങള്‍ കളിച്ചുകൊണ്ടിരുന്ന പന്ത്‌ പോയ കൃത്യസമയത്ത്‌ അവനാവഴി വരികയും, ഒന്നുരണ്ടു തട്ടൊക്കെ കൊടുത്ത്‌ അവനെകൊണ്ടാ പന്ത്‌ എടുപ്പിച്ച്‌ കഴുകിപ്പിച്ച്‌ മേടിക്കുകയും ചെയ്തു. അസംബ്ലിയില്‍ കുറ്റം വിളിച്ചുപറയുന്നതുകൊണ്ടാവണം അവന്‍ പരാതിപെട്ടില്ല. പത്താംക്ലാസ്സിനു ശേഷം ഞാന്‍ വളരെ തിരക്കിലായിപ്പോയതുകൊണ്ടാകണം ഇടക്കിടക്ക്‌ വൈയുടെ വീട്ടില്‍ ചെന്നിരുന്ന് അയല്‍പക്കത്തേക്ക്‌ വായിനോക്കിയിരുന്നപ്പോള്‍ മാത്രമാണ്‌ ഞാനവനെ കണ്ടിരുന്നത്‌. ഇടക്കെങ്ങാനും അവനെന്നെ നോക്കിയാല്‍ ഞാന്‍ ചുണ്ടുമാത്രമനക്കി ഒച്ചയില്ലാതെ അളിയാ എന്നു വിളിക്കും, അവനാകട്ടെ പ്രതികരിക്കാന്‍ പറ്റാത്ത ഒരവസ്ഥയില്‍ എരിപൊരി കൊള്ളുകയും ചെയ്യും. കഴിഞ്ഞ ഒരു രണ്ടുകൊല്ലമായി ഞാനവനെ കണ്ടിരുന്നേ ഇല്ല.മൂന്നാലുമാസം മുമ്പ്‌ പിന്നെയും ഞാനവനെ കണ്ടു, 'വൈ'യോടൊപ്പം ഒരമ്പലത്തില്‍, ഒരുത്സവത്തിന്‌, ചുമ്മാതെ ഞാനൊന്നു അളിയാ എന്നു വിളിച്ചുനോക്കിയെങ്കിലും അവന്‍ പൊട്ടിച്ചിരിച്ച്‌ എന്നെ മണ്ടനാക്കി. ഇന്നൊരു പ്രത്യേക അനുഷ്ഠാനം ഉണ്ടെന്നും(എല്ലാ കൊല്ലവും ഉള്ളതാണ്‌), അതുകണ്ടിട്ടേ പോകാവു എന്നും വൈ പറഞ്ഞപ്പോള്‍ എനിക്കു നിരസിക്കുവാന്‍ തോന്നിയില്ല. അനുഷ്ഠാനം എന്താണെന്നാല്‍ ദേവി കുടിയിരിക്കുന്ന പല്ലക്കും എടുത്ത്‌ നാലു നമ്പൂതിരിമാര്‍ അമ്പലത്തിനു ഓടിക്കൊണ്ട്‌ പ്രദക്ഷിണം വെയ്ക്കും അത്രേയുള്ളു, സിമ്പിള്‍. പക്ഷെ പ്രശ്നം എന്താച്ചാല്‍ ഈ പല്ലക്കുമെടുത്തുകൊണ്ട്‌ പ്രദക്ഷിണം വയ്ക്കുന്ന സമയത്ത്‌ ആരെങ്കിലും അതില്‍ തൊട്ടാല്‍ ഒരു മണ്ഡലക്കാലത്തിനകം ദേവീപദം പ്രാപിക്കുമെന്നാണ്‌ വിശ്വാസം. ദേവീപദം പ്രാപിക്കാന്‍ താത്പര്യമില്ലാഞ്ഞിട്ടായിരിക്കണം കാഴ്ചക്കാര്‍ പല്ലക്കിനെ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്‌, ഒരുത്തനും അങ്ങിനെ ചുളുവില്‍ ദേവീപദം പ്രാപിക്കേണ്ട എന്നതുകൊണ്ടാകണം അല്‍പ്പസ്വല്‍പ്പം വഴിമാറി ഉറഞ്ഞോടുമെങ്കിലും എടുക്കുന്നവരും പൊതുജനങ്ങളെ പല്ലക്കില്‍ തൊടീക്കില്ല. കുറേ സമയത്തിനു ശേഷം അങ്ങിനെ ആ പരിപാടി തുടങ്ങി, എടുക്കുന്നവരില്‍ എക്സും വൈയും ഉണ്ട്‌, പ്രദക്ഷിണം തുടങ്ങി, മുന്നോട്ട്‌.. എന്റടുത്ത്‌ വന്നപ്പോള്‍ പെട്ടന്നൊരു ഗതിമാറ്റം, പല്ലക്ക്‌ എന്റടുത്തേക്ക്‌ പാഞ്ഞെത്തുന്നു, എന്റെ തീരുമാനമാകട്ടെ കുറച്ചുകാലത്തിനു ശേഷം മതി ദേവീപദം പ്രാപിക്കല്‍ എന്നും. പുറകില്‍ നില്‍ക്കുന്ന ജനസമുദ്രം മൂലം എനിക്ക്‌ അവിടുന്ന് രക്ഷപെടാനും കഴിയുന്നില്ല, ഉറഞ്ഞുതുള്ളിയ എക്സാണ്‌ മുന്നില്‍ നിന്ന് നയിക്കുന്നത്‌, വൈയാകട്ടെ പാതിയടച്ച കണ്ണും കൊണ്ട്‌ പല്ലക്കിനെ മെയിന്‍ റൂട്ടിലേക്ക്‌ തിരിച്ചുകയറ്റാനുള്ള ശ്രമത്തിലും. നിയന്ത്രണരേഖ കടന്നു എന്ന് മനസ്സിലായപ്പോള്‍ എക്സൊഴിച്ച്‌ മറ്റുള്ളവരുടെ കൂട്ടായതും ആത്മാര്‍ത്ഥവുമായ ശ്രമത്താല്‍ പല്ലക്ക്‌ റണ്‍വേയിലേക്ക്‌ തിരിച്ചു കയറി.........................................................ഇനി ആ ഭീകര സത്യം പറയട്ടെ, ഞാനിപ്പഴും ഇവിടൊക്കെ തന്നെ ഒണ്ട്‌.Info: വൈയും എക്സിന്റെ പെങ്ങളും ഇന്നഗാധ പ്രണയത്തിന്റെ കൊക്കയിലാണ്‌,വീട്ടുകാര്‍ രണ്ടും ഉടക്കിലാണ്‌, നാട്ടുകാര്‍ മുഴുവന്‍ രണ്ടു ചേരിയിലാണ്‌, അതുകൊണ്ട്‌ ചിലപ്പോള്‍ ഒരു സന്നിഗ്ദ്ധാവസ്ഥയില്‍ എന്റെ ഒരൊപ്പിന്റെ ബലത്തില്‍ ഒരു ജീവിതം പൂവിടുന്നത്‌ ലോകം കാണും

3 Comments:

At Tuesday, June 20, 2006 5:14:00 AM, Blogger സന്തോഷ് said...

എന്തിനാ ബ്ലോഗര്‍ പോസ്റ്റ് ഡിലീറ്റിയതെന്ന് മനസ്സിലാകുന്നില്ലല്ലോ.

 
At Tuesday, June 20, 2006 3:18:00 PM, Blogger ശ്രീജിത്ത്‌ കെ said...

അയ്യോ പോസ്റ്റും പോയി, കമന്റും പോയി, ടെമ്പ്ലേറ്റും കുളമായി. എന്തു പണിയ സഞ്ജീവേ ഈ കാണിച്ചേ !!!

 
At Tuesday, June 20, 2006 8:20:00 PM, Blogger സഞ്ജീവ് said...

എനിക്കും മനസ്സിലായി വരുന്നതേ ഉള്ളു. എന്തായാലും എല്ലാം ചളമായെന്നു പറഞ്ഞാല്‍ മതിയല്ലോ..

 

Post a Comment

<< Home