പറയാതെ എന്മനസ്സിന്റെ ഉള്ളിലായ്
കുളിര് തൂകി നീങ്ങിയ കൂട്ടുകാരി
കടമിഴിയിണയുടെ ചലനത്താല്‍ മെല്ലെയെന്‍
ഹൃദയത്തിന് വേഗതയളന്നെടുത്തു.
കയറിയെത്തുമ്പഴാ പെണ്മിഴി
വിടര്‍ന്നത് സുഖമോടെ ഞാനും കുറിച്ചെടുത്തു.
ഇടവേള പരിഭവം കൊണ്ടു നിറഞ്ഞപ്പോള്‍
ചെറുതായിട്ടന്നു ഞാന്‍ തരിച്ചു നിന്നു.
പഠനത്തിനല്ലന്നു പൊയ്കപോലുള്ളൊരാ മിഴി
കാണാന്‍ ക്ലാസ്സില്‍ കയറിയിരുന്നിരുന്നു.
കണ്ണുകിട്ടാതെയാ കവിളില്‍ തൊടുവിക്കാന്‍
കണ്മഷി കട്ടു ഞാന്‍ കൊണ്ടുചെന്നു.
കൂട്ടമായ് പോകുമ്പോഴുമെനിക്കൊരു
നോട്ടമവള്‍ പകരം തന്നു വന്നു.
തരളമൊഴികള് പറയുവാനായിട്ടു
സ്കൂളിന്റെ പിന്നില്‍ മറഞ്ഞുനിന്നു.
കൊലുസിന്റെ മണിപോലുള്ളൊരാ ചിരി
കേള്‍ക്കാന്‍ വഴിവക്കില്‍ കാത്തുഞാന്‍ നിന്നിരുന്നു.
പുസ്തകം മാറോടടക്കിയാരൂപം ഞാന്‍
സ്വപ്നത്തിലും നിത്യം കണ്ടിരുന്നു.
ആ പട്ടുപാവാടക്കൊപ്പമായ് നില്ക്കുവാന്
നിക്കര്‍ അലക്കി ഞാന്‍ തേച്ചിരുന്നു.
പൂരം കണക്കാക്കി; വളവാങ്ങി നല്കുവാന്
പണമന്നു ഞാനേറെ കാത്തു വച്ചു.
വളവാങ്ങി നല്കിയ ദിനമവളെന്നുടെ
കവിളിലായ് ചുണ്ടൊന്നു ചേര്‍ത്തുവച്ചു.
തരിവളയിട്ടൊരാ കൈകളെന്നേക്കുമായ്
കവരുവാന്‍ മനതാരില്‍ കൊതിച്ചിരുന്നു.
ആരുമറിയാതെയാ രണ്ടു കൊല്ലം നാം
അനുരാഗമകതാരിലറിഞ്ഞിരുന്നു.
അറിയില്ലയെന്താണുയെങ്ങാണുവെന്നിന്നു
നിന്നോര്മ്മപ്പനിനീര്കള് മാത്രം തെളിഞ്ഞിരിപ്പൂ.